Monday, February 1, 2016

ധ്യാന ചിന്തകൾ

ധ്യാന ചിന്തകൾ ***************** 1. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവനാണ് സമ്പന്നന്‍. 2. എല്ലാവരേയും സ്നേഹിക്കുക, ഏറ്റവും അടുത്ത് അറിയാവുന്നവരെ മാത്രം വിശ്വസിക്കുക. 3. തന്നെക്കുറിച്ച്തന്നെ വളരെക്കൂടുതല്‍ സംസാരിക്കുന്നവനാണ് ഏറ്റവും വലിയ നുണയന്‍. 4. മറ്റൊരാളുടെ കാര്യം നിന്നോട് കുശുകുശുക്കുന്നവന്‍ നിന്നെക്കുറിച്ചും കുശുകുശുക്കും എന്ന് ഓര്‍മ്മവേണം. 5. എല്ലാ കാര്യത്തിലും ദൈവത്തിന്റെ കരം ദര്‍ശിക്കുവാന്‍ കഴിയുന്നവര്‍ക്ക് ഒന്നിലും പരാതിയില്ലാതെ സന്തോഷത്തോടുകൂടി ജീവിക്കുവാന്‍ കഴിയും. 6. കഴിവ് ഉന്നതസ്ഥാനത്തേക്ക് എത്തിച്ചേക്കാം എന്നാല്‍ സ്വഭാവമാണ് അത് സ്ഥിരപ്പെടുത്തുന്നത്. 7. മോശമായ കൂട്ടുകെട്ടിനേക്കാള്‍ ഏകാന്തതയാണ് നല്ലത്. 8. സ്ത്രീയെ സുന്ദരിയാക്കുന്നത് ദൈവമാണ് എന്നാല്‍ അതിസുന്ദരിയാക്കുന്നത് പിശാചും. 9. ഒരു രഹസ്യം അറിയുവാന്‍ ശ്രമിക്കാതിരിക്കുന്നതാണ് ബുദ്ധി. എന്നാല്‍ അത് പുറത്ത് പറയാതിരിക്കുന്നത് മാന്യതയും. 10. കഷ്ടതയുടെ മൂശയിലൂടെയാണ് ഒരു ഭക്തന്റെ ഉത്ഭവം. 11. സംശയചിന്തകള്‍ വരുമ്പോള്‍ ദൈവാനുഗ്രഹങ്ങളെ എണ്ണുക. 12. ദൈവത്തില്‍ നിന്ന് വന്‍കാര്യങ്ങളെ പ്രതീക്ഷിക്കുക. ദൈവത്തിനായി വന്‍കാര്യങ്ങളെ ചെയ്യുക. 13. സുഖകരമായ കിടക്കവിടാതെ ശക്തമായ പ്രാര്‍ത്ഥന സാദ്ധ്യമല്ല. 14. രഹസ്യ പ്രാര്‍ത്ഥനയാണ് പരസ്യശുശ്രൂഷയുടെ ബലം. 15. ദൈവീക അനുഗ്രഹങ്ങള്‍ പ്രാര്‍ത്ഥന എന്നതാക്കോല്‍കൊണ്ട് തുറന്ന് അവകാശമാക്കാം. 16. സാത്താന്‍ പേടിക്കുന്ന ആയുധം പ്രാര്‍ത്ഥനയാണ്. 17. പ്രസംഗിക്കുന്നവനെ ലോകം അറിയും, പ്രാര്‍ത്ഥിക്കുന്നവനെ ദൈവം അറിയും. 18. ആറ്റുമീനിന് ആറ് സുഖം, ചേറ്റ്മീനിന് ചേറ് സുഖം, പറവയ്ക്ക് ആകാശം സുഖം, വന്യമൃഗങ്ങള്‍ക്ക് കാട് സുഖം, ജഡീകന് കമ്മറ്റിയും ജനറല്‍ബോഡിയും സുഖം, ആത്മീയന് ആരാധനസുഖം. 19. ആരോഗ്യംമുഴുവന്‍ കളഞ്ഞ് പണമുണ്ടാക്കും, എന്നാല്‍ പണം മുഴുവന്‍ കളഞ്ഞ് ആരോഗ്യം നിലനിര്‍ത്താന്‍ ശ്രമിക്കും. 20. നിത്യമരണം ആഗ്രഹിക്കുന്നു എങ്കില്‍ നീ നിനക്കായ് ജീവിക്കുക, നിത്യജീവന്‍ ആഗ്രഹിക്കുന്നു എങ്കില്‍ നീ ദൈവത്തിനായ് ജീവിക്കുക. 21. വിശ്വാസം തഴച്ചുവളരുന്നത് ശോധനയില്‍കൂടെയാണ്. 22. നിനക്ക് കെടുത്തുവാന്‍ കഴിയാത്ത തീ കത്തിക്കരുത്. 23. നിന്റെ സമ്പത്ത് നിന്റെതാണെങ്കില്‍ എന്തുകൊണ്ട് നീ അത് മറുലോകത്തിലേക്ക് കൊണ്ടുപോകുന്നില്ല. 24. നിങ്ങള്‍ ഒരു ദാനംകൊടുത്താല്‍ ഒരിക്കലും അത് ഓര്‍ക്കരുത്. എന്നാല്‍ നിങ്ങള്‍ക്ക് ഒരു ദാനം കിട്ടിയാല്‍ ഒരിക്കലും അത് മറക്കരുത്. 25. ചെളിയില്‍ ചവിട്ടിയശേഷം കാല് കഴുകുന്നതിനേക്കാള്‍ ചെളിയില്‍ ചവുട്ടാതെ ഒഴിഞ്ഞ്പോകുന്നതാണ് നല്ലത്. 26. വിജയങ്ങള്‍ ആഘോഷിക്കുവാനും പരാജയങ്ങള്‍ പഠിക്കുവാനുമുള്ളതാണ്. 27. ജീവിതം ഒരു സൂപ്പര്‍മാര്‍ക്കറ്റാണ്. കിട്ടുന്നതെല്ലാം വാങ്ങിക്കുകയല്ല പിന്നെയോ, നമുക്ക് ആവശ്യമുളള സാധനങ്ങള്‍ വാങ്ങിക്കുകയാണ് വേണ്ടത്. 28. നാം സുരക്ഷിതസ്ഥാനത്ത് എത്തിച്ചേര്‍ന്നു എന്നുള്ള ചിന്ത നമ്മുടെ വളര്‍ച്ചയെ ഇല്ലാതാക്കും. 29. ഞാന്‍ എന്തോ ഏതോ ആയി എന്നുള്ള ഭാവം ഉള്ളവനെക്കുറിച്ച് പ്രതീക്ഷയ്ക്ക് വകയില്ല. 30. നന്നാകുവാന്‍ ആഗ്രഹിക്കുന്നവന് ഒരു ചൊല്ല്മാത്രം മതി. എന്നാല്‍ നശിക്കുവാന്‍ ആഗ്രഹിക്കുന്നവനെ ഒരു പുന്നമരത്തിന്റെ മുഴുവന്‍ കമ്പുകള്‍ വെട്ടിഅടിച്ചതുകൊണ്ടും പ്രയോജനം ഇല്ല. 31. ഗുണദോഷം ഇഷ്ടപ്പെടാത്തവന്‍ തന്നിഷ്ടക്കാരന്‍ അവന്റെ ജീവിതം പരാജയമായിരിക്കും. 32. ജ്ഞാനിയോടുകൂടി നടക്ക നീയും ജ്ഞാനിയാകും. 33. ദൈവം ഒരുവായും രണ്ട് ചെവിയുമാണ് തന്നിരിക്കുന്നത് ആയതിനാല്‍ കുറച്ച് സംസാരിക്കുകയും കൂടുതല്‍ കേള്‍ക്കുകയും ചെയ്യേണം. 34. ഒരുവന്‍ ആരാണെന്ന് തിരിച്ചറിയണമെങ്കില്‍ അവന്റെ സ്നേഹിതന്‍ ആരാണെന്ന് മനസ്സിലാക്കിയാല്‍ മതി. 35. ഒരു കാര്യത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കാതെ കേള്‍ക്കുന്നകാര്യങ്ങള്‍ പരത്തരുത്. 36. നാം കുഴിക്കുന്ന കുഴിയില്‍ നാംതന്നെ വീഴും എന്നുള്ള യാഥാര്‍ത്ഥ്യം അറിയാതിരിക്കരുത്. 37. മലര്‍ന്നുകിടന്ന് തുപ്പിയാല്‍ അത് നമ്മിലേക്ക്തന്നെ തിരിച്ചുവരും എന്നും ഓര്‍മ്മവേണം. 38. നമുക്ക് പലരേയും പറ്റിക്കാം പക്ഷേ ദൈവത്തേയും നമ്മുടെ മനസാക്ഷിയേയും പറ്റിക്കുവാന്‍ സാധിക്കുകയില്ല. 39. നിന്റെ മനസ്സാക്ഷി തെറ്റാണെന്ന് നിനക്ക് ബോധ്യംവരുത്തുന്ന കാര്യങ്ങള്‍ മനസാക്ഷിയെ വഞ്ചിച്ച് നല്ലതാണെന്ന് കാണരുത്. 40. ചെയ്ത തെറ്റിനെക്കുറിച്ച് കുറ്റബോധമുണ്ടെങ്കില്‍ പ്രതീക്ഷയ്ക്ക് വഴിയുണ്ട് യഥാസ്ഥാനപ്പെടുവാന്‍. 41. ഒരാള്‍ക്ക് ഗുണംചെയ്യുവാന്‍ കഴിഞ്ഞില്ലെങ്കിലും ദോഷം ചെയ്യാതിരിക്കുന്നതാണ് നല്ലത്. 42. നീ ചെയ്യുന്നത് നല്ലതാണോ തീയതാണോ എന്ന് ദൈവവചനമാകുന്ന ഉരകല്ലില്‍ ഉരച്ച് ശോധന ചെയ്യേണം. 43. മറ്റുള്ളവന്റെ ഉയര്‍ച്ചയില്‍ അസൂയപ്പെടാതെ സന്തോഷിക്കേണം. 44. നിന്നേക്കാള്‍ ഉയര്‍ച്ചയുള്ളവനെ നോക്കി തുലനംചെയ്താല്‍ നിരാശ ഉണ്ടാകും. എന്നാല്‍ നിന്നെക്കാള്‍ താഴ്ചയുള്ളവനെ നോക്കി തുലനംചെയ്താല്‍ സംതൃപ്തി ലഭിക്കും. 45. ശത്രുവിന്റെ വീഴ്ചയില്‍ സന്തോഷിക്കരുത്. അവന് ആപത്തുവരുമ്പോള്‍ പരിഹസിക്കരുത്. 46. മറ്റുള്ളവര്‍ നമ്മേക്കാള്‍ ശ്രേഷ്ടന്മാരാണെന്ന് എണ്ണേണം. 47. പരീക്ഷയില്ലാതെ വിജയം നേടുവാന്‍ കഴിയുകയില്ല. 48. മനുഷ്യര്‍ ഉയര്‍ത്തിയാല്‍ അവന്റെ കൈകള്‍ തളരുമ്പോള്‍ താഴേക്കിടും നിശ്ചയം. എന്നാല്‍ ദൈവം അങ്ങനെ ചെയ്യുകയില്ല. അവന്റെ ഭുജം ബലമുള്ളതാണ്. 49. ഹോശന്നാ കേള്‍ക്കുമ്പോള്‍ നിഗളിക്കരുത്. അതിന്റെ അപ്പുറത്ത് ക്രൂശിക്ക എന്ന ശബ്ദവും ഉണ്ടാകും. 50. ദൈവത്തിലല്ലാതെ മനുഷ്യനില്‍ അന്ധമായി ആശ്രയിക്കരുത്. 51. നിന്റെ കണ്ണ് കാണുന്നതിന്റെ എല്ലാം പുറകെ ഹൃദയത്തെ വിട്ടുകൊടുക്കാതെ നിയന്ത്രിച്ചാല്‍ നിനക്ക് ആത്മീയനായി ജീവിക്കാം. 52. ജീവിതത്തിലെ 90% ഉരസലും ഉണ്ടാകുന്നത് നാം സംസാരിക്കുന്നതിന്റെ രീതി കാരണമാണ്. 53. അവസരങ്ങള്‍ ലഭിക്കില്ലഎന്ന് പറഞ്ഞ് മഹാന്മാര്‍ പരാതിപ്പെടാറില്ല. 54. ആവശ്യം സൃഷ്ടിയുടെ മാതാവാണ്. 55. ശരിയെന്ന് തോന്നുന്നത് ചെയ്യാതിരിക്കുന്നത് ധൈര്യമില്ലായ്മയും ആദര്‍ശമില്ലായ്മയുമാണ്. 56. വായിക്കുന്നതല്ല പിന്നെയോ ഓര്‍മ്മിച്ചുവെക്കുന്നതാണ് നമ്മെ വിജ്ഞാനികളാക്കുന്നത്. 57. ഒരായിരംപേരെ ഒരായിരം യുദ്ധത്തില്‍ ജയിക്കുന്നതിനേക്കാള്‍ സ്വയം ജയിക്കുന്നതാണ് ഏറ്റവും വലിയ ജയം. 58. നാം വിതയ്ക്കുന്നത് മാത്രമേ നമുക്ക് കൊയ്യുവാന്‍ കഴിയുള്ളൂ എന്ന് അറിഞ്ഞിരിക്കണം. വിശുദ്ധപൌലോസ് പറയുന്നത് ഫിലി4:8 ഒടുവില്‍ സഹോദരന്മാരേ, സത്യമയത് ഒക്കെയും, ഘനമായത് ഒക്കെയും, നീതിയായതും ഒക്കെയും, നിര്‍മ്മലമായതൊക്കെയും, രമ്യമായതൊക്കെയും, സത്കീര്‍ത്തിയായതൊക്കെയും, സല്‍ഗുണമോ പുകഴ്ചയോ അതൊക്കെയും ചിന്തിച്ചുകൊള്‍വീന്‍.

No comments:

Post a Comment